ജനാധിപത്യത്തെയും ഫെഡറലിസത്തെയും അട്ടിമറിച്ച് പിൻവാതിലിലൂടെ അധികാര തുടർച്ച ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ കൊണ്ടുവന്ന 131 -ാം ഭരണഘടന ഭേദഗതി ബിൽ പാർലമെൻ്റിൽ പരാജയപ്പെട്ടത് രാജ്യത്താകമാനം വലിയ ചർച്ചക്ക് വഴി വച്ചിരിക്കുകയാണ്. നിയമനിർമാണ സഭകളിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്തുന്നതിനൊപ്പം ലോകസഭാ സീറ്റുകളുടെ എണ്ണം 543ല് നിന്ന് 850 ആയി വർധിപ്പിക്കാനുള്ള നീക്കമാണ് പ്രതിപക്ഷം ഒറ്റക്കെട്ടായി പരാജയപ്പെടുത്തിയത്.
ഈ സാഹചര്യത്തിലാണ് നിയമനിർമ്മാണ സഭകളിലെ സ്ത്രീ പ്രാധിനിധ്യം മൂന്നിലൊന്നായെങ്കിലും വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിക്കൊണ്ടും ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിൻ്റെ നേതൃത്വത്തിൽ നടത്തുന്ന വസ്തുതാ വിരുദ്ധമായ പ്രചാരണങ്ങളെ തുറന്നുകാട്ടിക്കൊണ്ടും സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും സംയുക്ത വേദിയായ എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ കണ്ണൂർ പഴയ ബസ്റ്റാൻഡ് പരിസരത്ത് ജനാധിപത്യം, ഫെഡറലിസം, നിയമനിർമ്മാണ സഭകളിലെ വനിതാ സംവരണം എന്ന വിഷയത്തെ അധികരിച്ച് വനിത കൂട്ടായ്മയും പ്രഭാഷണവും സംഘടിപ്പിച്ചു.
പരിപാടി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡൻ്റ് പി കെ ശ്രീമതി ടീച്ചർ ഉദ്ഘാടനം ചെയ്തു.
എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡന്റ് കെ സി സുനിൽ അധ്യക്ഷത വഹിച്ചു.
കെ എസ് ടി എ സംസ്ഥാന പ്രസിഡൻ്റ് എ കെ ബീന, കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എം സുഷമ, കെ ജി ഒ എ ജില്ലാ ജോയിൻ്റ് സെക്രട്ടറി എം കെ സൈബുന്നിസ എന്നിവർ പ്രസംഗിച്ചു.
എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി പി പി സന്തോഷ് കുമാർ സ്വാഗതവും ടി രജുല നന്ദിയും പറഞ്ഞു.