പാലക്കാട് ഡിഡിഇ ഓഫീസിലെ ക്രമക്കേട് അന്വേഷിക്കണം
പാലക്കാട്: ഹൈസ്കൂള്‍ വിഭാഗം മലയാളം അധ്യാപകനിയമനവുമായി ബന്ധപ്പെട്ട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വിദ്യാഭ്യാസ വകുപ്പിലെ മേലധികാരികള്‍ അന്വേഷിക്കണമെന്ന് കെ എസ് ടി എ ജില്ലാക്കമ്മിറ്റി ആവശ്യപ്പെട്ടു. ഹൈസ്കൂള്‍ പ്രൊമോഷന്‍ ലഭിക്കാനുള്ള അധ്യാപകരുടെ അവസരം നിഷേധിച്ച് നടത്തിയ അഴിമതി നിയമനങ്ങള്‍ക്ക് പിന്നിലുള്ള വസ്തുത പുറത്തുകൊണ്ടുവരണം. അഴിമതിക്കുപിന്നില്‍ പ്രവര്‍ത്തിച്ചവരെ രക്ഷിക്കാനുള്ള രാഷ്ട്രീയ നീക്കം സജീവമാണ്. അധ്യാപകരുടെ പ്രൊമോഷന്‍ നിഷേധിച്ചും പിഎസ്സി നിയമനം നടത്തണമെന്ന് ചില അധികാര കേന്ദ്രങ്ങളില്‍നിന്ന് ഡിഡിഇയ്ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. കുറച്ചുനാളായി ഡിഡിഇ ഓഫീസിന്റെ ഭരണം നിയന്ത്രിക്കുന്നത് ഒരു ഉദ്യോഗസ്ഥനാണ്. ഇയാളാണ് ഈ പ്രശ്നങ്ങള്‍ക്കൊക്കെ പിന്നില്‍. പിഎസ്സി നിയമന വിവാദം ഉയരുകയും വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം വരുമെന്ന റിപ്പോര്‍ട്ട് വന്ന ഉടന്‍തന്നെ ഓഫീസിലെ ചിലയാളുകളെ സ്ഥലംമാറ്റി. ഈ സാഹചര്യത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷിച്ച് കുറ്റക്കാരെ കണ്ടുപിടിച്ച് നടപടി സ്വീകരിക്കണമെന്ന് കെ എസ് ടി എ ജില്ലാക്കമ്മിറ്റി ആവശ്യപ്പെട്ടു.