വിദ്യാഭ്യാസനിയമ ഭേദഗതി അഭിനന്ദനാര്‍ഹം – കെഎസ്ടിഎ
ഒന്നുമുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്കൂള്‍ വിദ്യാഭ്യാസം ഒറ്റ കുടക്കീഴിലാക്കാനുള്ള തീരുമാനം ഖാദര്‍ കമ്മിറ്റി ശുപാര്‍ശകളുടെ പശ്ചാത്തലത്തില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി കേരള വിദ്യാഭ്യാസനിയമ ഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കിയ എല്‍ഡിഎഫ് സര്‍ക്കാരിനേയും പൊതുവിദ്യാഭ്യാസ വകുപ്പിനേയും കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അഭിവാദ്യം ചെയ്തു.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം, ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി എന്നിങ്ങനെ നിലനിന്നിരുന്ന വ്യത്യസ്ത ഡയറക്ടറേറ്റുകളെ സംയോജിപ്പിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് എന്ന ഒറ്റ ഡയറക്ടറേറ്റ് യാഥാര്‍ത്ഥ്യമാക്കാന്‍ ഓര്‍ഡിനന്‍സിലൂടെ കൊണ്ടുവന്ന മാറ്റങ്ങള്‍ക്കാണ് നിയമ ഭേദഗതിയിലൂടെ നിയമസഭയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്. നിയമഭേദഗതി അംഗീകരിച്ചതോടെ വിദ്യാഭ്യാസ വകുപ്പിന്റെ പേര് പൊതുവിദ്യാഭ്യാസ വകുപ്പെന്നും ഡയറക്ടര്‍ ഓഫ് പബ്ലിക് ഇന്സ്ട്രക്ഷന് (ഡിപിഐ) എന്നത് ഡയറക്ടര്‍ ഓഫ് ജനറല്‍ എഡ്യൂക്കേഷന്‍ (ഡിജിഇ) എന്നും മാറ്റപ്പെട്ടിരിക്കുകയാണ്. ഇതോടെ ഹയര്‍സെക്കന്ററി വിദ്യാഭ്യാസം പൂര്‍ണമായും കെഇആറിന്റെ പരിധിയിലേക്ക് കൂടുതല്‍ വ്യക്തതയോടെ ഇഴചേര്‍ക്കപ്പെട്ടിരിക്കുകയാണ്. കൂടാതെ പ്രിന്‍സിപ്പലിനെ സ്കൂളിന്റെ മേലധികാരിയായി അംഗീകരിക്കുകയും ഹയര്സെക്കന്ററിയുള്ള സ്കൂളുകളില്‍ ഹെഡ്മാസ്റ്റര്/ഹെഡ്മിസ്ട്രസ് എന്ന സ്ഥാനപ്പേരിനെ വൈസ് പ്രിന്‍സിപ്പല്‍ എന്ന നിലയില്‍ അംഗീകരിക്കാനും ബില്‍ വ്യവസ്ഥ ചെയ്യപ്പെടുകയാണ്.
കോത്താരി കമ്മീഷനും, 1968 ലേയും 1986 ലേയും ദേശീയവിദ്യാഭ്യാസ നയങ്ങളും ഹയര്‍സെക്കന്ററി കൂടി ഉള്‍പ്പെട്ട സ്കൂള്‍ വിദ്യാഭ്യാസമാണ് വിഭാവനം ചെയ്തിരുന്നത്. എന്നാല്‍ കേരളത്തില്‍ അത് നടപ്പാക്കാതെ പ്രീഡിഗ്രി ബോര്‍ഡ് കൊണ്ടുവരാന്‍ തീരുമാനിച്ച യുഡിഎഫ് സര്‍ക്കാര്‍ തീരുമാനത്തെ തള്ളിക്കളയുകയും കേരളത്തില്‍ ഹയര്‍സെക്കന്ററി വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചതും ഈ മേഖലയെ ശക്തിപ്പെടുത്തിയതും എല്‍ഡിഎഫ് സര്‍ക്കാരാണ്. വസ്തുത ഇതായിരിക്കെ ഹയര്‍സെക്കന്ററിയെ പ്രത്യേകം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രചാരവേല നടത്തുന്ന നിക്ഷിപ്ത താത്പര്യക്കാരെ തിരിച്ചറിയേണ്ടതുണ്ട്. പ്രതിലോമ താത്പര്യക്കാരെ അവഗണിച്ച് പൊതുവിദ്യാഭ്യാസ മേഖലയില്‍ ഏകീകരണം യാഥാര്‍ത്ഥ്യമാക്കാന്‍ കേരള വിദ്യാഭ്യാസ ഭേദഗതി ബില്‍ അവതരിപ്പിക്കുകയും സമയബന്ധിതമായി തുടര്‍ നടപടികള്‍ പ്രഖ്യാപിക്കുകയും ചെയ്ത സര്‍ക്കാര്‍ നടപടിയെ ജനറല്‍ സെക്രട്ടറി എന്‍ ടി ശിവരാജന് പ്രസ്താവനയിലൂടെ അഭിവാദ്യം ചെയ്തു.